മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിദ്ദിഖും കേസിലെ പ്രതിയായ ഫര്‍ഹാനയും (19) തമ്മില്‍ മുൻപരിചയമുണ്ടായിരുന്നു.
ഗള്‍ഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫര്‍ഹാനയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലും പിന്നീടത് വഴിവിട്ട ബന്ധത്തിലുമായി.
ഫര്‍ഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലില്‍ ജോലി നല്‍കിയത്. സിദ്ദിഖിന്റെ എ ടി എം നമ്ബരും യു പി ഐ പാസ്വേഡുമൊക്കെ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഇയാള്‍ ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമാറ്റദൂഷ്യം കാരണം പറഞ്ഞുവിടുകയായിരുന്നു.
വിവരം ഫർഹാനയെ അറിയിച്ചതോടെ ഇരുവരും അന്നുതന്നെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തു.പിന്നീട് സിദ്ദീഖിനെ അവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് സിദ്ദിഖ് ഹോട്ടലില്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ വിളിച്ചപ്പോള്‍ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഫർഹാനയും സിദ്ദിഖും ഇതിനുമുൻപും പലപ്രാവശ്യം ഇതേ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.