തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
കെ.വി തോമസിന് ഒരുലക്ഷം രൂപ ഓണറേറിയമായി നല്‍കണമെന്ന് നേരത്തെ ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാല്‍ തോമസിന് ഈ ചട്ടം ബാധകമാവില്ല. എം.പി. പെന്‍ഷന്‍ തുടര്‍ന്നും അദ്ദേഹത്തിന് വാങ്ങാം. ശമ്പളത്തിനുപകരം ഓണറേറിയമായി നല്‍കിയാല്‍ മതിയെന്ന് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് സി.പി.എം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാര്‍ക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം.