ബംഗളൂരു: കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ലെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തളളുന്നതാണ് വെളിപ്പെടുത്തല്‍.
”അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു”- പാട്ടീല്‍ പറഞ്ഞു.
അതേസമയം, ശിവകുമാറുമായി ബന്ധപ്പെട്ടവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കര്‍ണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറിനെ പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് ലോക്സഭവരെ അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തത വരുത്താന്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലിന്റെ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. സിദ്ധരാമയ്യ പക്ഷക്കാരനാണ് പാട്ടീല്‍