കാസര്‍ഗോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്കിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തതോടെ പഞ്ചായത്തംഗം ഒളിവില്‍ പോയി. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പൊവ്വല്‍ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ(55)യാണ് ആദൂര്‍ പോലീസ് പോക്സോ കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി.
ഒളിവില്‍ പോയതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലീസ് കേസ് കൊടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലയില്‍ നിന്നും ജില്ലാ കമ്മിറ്റി മാറ്റിനിര്‍ത്തിയിരുന്നു. കഴിഞ്ഞമാസം 11 രാത്രി പത്തരയ്ക്കാണ് കേസ് ആസ്പദമായ സംഭവം നടന്നത്. മറ്റൊരു യുവാവും കേസിലെ പ്രതിയാണ്.
ആരോപണ വിധേയനായ പഞ്ചായത്തംഗം സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അതേസമയം, പീഡനത്തിന് ഇരയായ സംഭവത്തില്‍ വിദഗ്ധമായ ഉന്നതല അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പീഡനത്തിന് ഇരയായ കുട്ടി ആദ്യം നല്കിയ മൊഴികളില്‍ ചില വ്യക്തികളെ കേസില്‍ നിന്നും ഒഴിവാക്കി എന്നും കേസ് ചിലരില്‍ മാത്രം ഒതുക്കപ്പെട്ടത് ദുരൂഹപരവും ആശങ്കജനകവും ആണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.