KeralaNEWS

കോട്ടയത്തും കൊല്ലത്തും മൂന്ന് മരണം; ചാലക്കുടിയില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി

കൊച്ചി: കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു. സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്ന് നാട്ടിലെത്തിയത്.

കണമല പുറത്തേല്‍ ചാക്കോച്ചന്‍, പ്ലാവനാക്കുഴിയില്‍ തോമസ്

മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു.
കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.

Signature-ad

വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ മരിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

അതിനിടെ, തൃശൂര്‍ ചാലക്കുടി പുഴയോരത്തുള്ള വെട്ടുകടവില്‍ കാട്ടുപോത്തിനെ കണ്ടെത്തി. മേലൂര്‍ ജംക്ഷനില്‍ ഇന്നു പുലര്‍ച്ചെ നാലിനാണ് കാട്ടുപോത്തിനെ ആദ്യം പ്രദേശവാസികള്‍ കാണുന്നത്. ആളുകളുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് ഇവിടെനിന്നു നീങ്ങിയ പോത്ത് പിന്നീട് പുഴയോര മേഖലയിലേക്കു നീങ്ങുകയായിരുന്നു. വെട്ടുകടവിലുള്ള മനയ്ക്കലപ്പടി എന്ന ഭാഗത്ത് രാവിലെ എട്ടിനാണ് പ്രദേശവാസികള്‍ കാട്ടുപോത്തിനെ വീണ്ടും കണ്ടെത്തിയത്.

സംഭവമറിഞ്ഞ് കൂടുതല്‍ ആളുകളെത്തിയതോടെ പോത്ത് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും സഞ്ചരിക്കുകയാണ്. പഞ്ചായത്തിലെ 1, 17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇളമ്പ്ര, ശാന്തിപുരം മേഖലകളിലേക്കും കാട്ടുപോത്ത് എത്തി. അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നുള്ള വനപാലകരും കൊരട്ടി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ചാലക്കുടി വെട്ടുകടവ് റോഡില്‍ നിലയുറപ്പിച്ച പോത്തിനെ കണ്ടു ഭയന്ന യാത്രക്കാരന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ പുറകിലൂടെ വന്ന കാര്‍ ഇടിച്ച് അപകടമുണ്ടായി. പരുക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

Back to top button
error: