IndiaNEWS

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്: ഇ.ഡിക്ക് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സുപ്രീം കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2000 കോടിയുടെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇഡി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എ. അമാനുല്ല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇഡി നിയന്ത്രണം വിട്ടു പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. അന്വേഷണ സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇഡി പീഡിപ്പിക്കുകയായിരുന്നുവെന്നും സിബല്‍ ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് 52 എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതായി സര്‍ക്കാര്‍ ആരോപിച്ചു.

Signature-ad

എന്നാല്‍, ഇഡി അവരുടെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയില്‍ അന്വേഷണം നടത്തേണ്ടത് ഇഡിയുടെ ഉത്തരവാദിത്തമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.വി. രാജു ചൂണ്ടിക്കാട്ടി. 20192022 കാലത്ത് നടന്ന മദ്യനയ ക്രമക്കേടുകളിലാണ് ഇഡിയുടെ അന്വേഷണം. മദ്യവില്‍പ്പനയ്ക്കുള്ള സംസ്ഥാന ഏജന്‍സിയായ സിഎസ്എംസിഎല്‍, ഡിസ്റ്റിലറികളില്‍നിന്ന് കൈക്കൂലി വാങ്ങിയിരുന്നെന്നും കണക്കില്‍പ്പെടാത്ത നാടന്‍ മദ്യത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നടന്നുവെന്നുമാണ് ഇഡിയുടെ നിലപാട്.

Back to top button
error: