CrimeNEWS

നിരന്തരം ശല്യപ്പെടുത്തി, ഭാര്യയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു; കാഞ്ഞങ്ങാട് യുവതിയെ കൊലപ്പെടുത്തിയത് ബന്ധം പരസ്യമാക്കിയ കലിപ്പില്‍

കാസര്‍ഗോട്: കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദേവികയും സതീഷും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ദേവികയുടെ (34) ഭര്‍ത്താവ് പ്രവാസിയാണ്. പ്രതിയായ ബോവിക്കാനം അമ്മംകോട് സ്വദേശി സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് സതീഷ് പോലീസിന് നല്‍കിയ മൊഴി. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സതീഷ് ഭാര്യയും മകളെയും ഉപേക്ഷിച്ചു തന്റെ കൂടെ താമസിക്കണമെന്നാണ് ദേവിക ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്.

ചൊവ്വാഴിച രാവിലെ സതീഷിന്റെ ഭാര്യയെ വിളിച്ചു ദേവിക വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇതിനുശേഷം 11 മണിയോടെയാണ് ലോഡ്ജില്‍ ദേവിക എത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രകോപിതനായ സതീഷ് കരുതിവച്ചിരുന്ന കത്തിയെടുത്ത് ദേവികയുടെ കഴുത്തറുക്കുകയായിരുന്നു. കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മുറി പൂട്ടി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി സംഭവം അറിയിച്ചു.

ലോഡ്ജില്‍ എത്തിയ പോലീസ് കൊലപാതകം സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി മുറിയില്‍ പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മുന്‍ പ്രവാസിയായ സതീഷ് സെക്യൂരിറ്റി ഏജന്‍സി നടത്തുകയാണ്. കഴിഞ്ഞ 15 ദിവസമായി പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ലോഡ്ജിന്റെ മൂന്നാമത്തെ നിലയില്‍ 306 മത് നമ്പര്‍ മുറിയാണ് വാടകയ്ക്ക് എടുത്തത്. കാസര്‍ഗോട് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ദേവിക വര്‍ക്കേഴ്‌സ് യൂണിയന്റെ ജില്ല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ഇന്നലെ രാവിലെ കാഞ്ഞങ്ങാട് എത്തിയത്. ഉദുമ ബാര മുക്കുന്നോത്തെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക.

Back to top button
error: