NEWS

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തി

സ്വന്തം മണ്ഡലത്തിലെ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂരിലെത്തിയ പിണറായി വിജയൻ പാർട്ടിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ആരോപണങ്ങൾ സ്വന്തം ഓഫീസിന് നേർക്കായതിനാൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് കണ്ണൂർ സന്ദർശനം.

സ്വന്തം വീടിന് തൊട്ടടുത്ത് ഒരു മാസം മുൻപ് മുഖ്യമന്ത്രി തന്നെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പിണറായി കൺവെൻഷൻ സെന്‍ററിലായിരുന്നു ആദ്യ പരിപാടി. പിണറായി പഞ്ചായത്തിലെ സിപിഎമ്മിന്‍റെ വാ‍ർഡ് സെക്രട്ടറിമാരും ചുരുക്കം ചില നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്.

Signature-ad

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർ‍ത്തനങ്ങളുടെ അവലോകനവും നടത്തി.

മലബാർ റിവർ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പാറപ്രത്ത് നിർമ്മിക്കുന്ന ബോട്ട് ജെട്ടിയും സന്ദർശിച്ചു. വരും ദിവസങ്ങളിൽ ധർമ്മടം നിയോചക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളിലും 10ന് കണ്ണൂർ കോർപ്പറേഷനിലെ സിപിഎം യോഗത്തിലും പിണറായി പങ്കെടുക്കും.ഒരാഴ്ചയിലേറെ കണ്ണൂരിൽ തങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ മറ്റിടങ്ങളിൽ പാർട്ടി പരിപാടികൾക്കെത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൊവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തത് എന്നാണ് നേതാക്കളുടെ വിശദീകരണം. പതിനാലിന് വോട്ട് ചെയത ശേഷമെ മുഖ്യമന്ത്രി ഇനി തിരുവനന്തപുരത്തേക്ക് മടങ്ങു.

Back to top button
error: