കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതിലുപരി വയനാട് ചുരം നമ്മുക്കായ് ഒരുക്കിവച്ചത് വന സൗന്ദര്യത്തിന്റെ മായ കാഴ്ചകളായിരുന്നു.കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും തുടങ്ങുന്ന ഈ വഴിയിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി ആ യാത്ര ലക്കിടിയിൽ അവസാനിക്കുമ്പോൾ സമുദ്രനിരപ്പിൽനിന്നും ഏകദേശം 2,625 അടി മുകളിലാണ് നാം എത്തിച്ചേരുക.
പാതയ്ക്കു ഇരുവശങ്ങളിലുമുള്ള ഇടതൂർന്ന വനം വിനോദസഞ്ചരികളെ ആകർഷിക്കുന്ന ഒരു മുഖ്യഘടകമാണ്. ഹെയർപിൻ വളവുകളിലെ വ്യൂപോയിന്റിൽ നിന്നും പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത തലങ്ങൾ ദർശിക്കാൻ സാധിക്കും.മഴക്കാലത്ത് പാറക്കെട്ടിലൂടെ ഉർന്നിറങ്ങുന്ന നീർച്ചാലുകളും, ചെറിയ വെള്ളച്ചാട്ടങ്ങളും ചുരത്തിന്റെ മനോഹാരിതയെ പൂർണമാക്കുന്നു.അങ്ങനെ വയനാട്ടിലേക്ക് എത്തുന്ന ഓരോ യാത്രികരുടെയും കണ്ണും മനസും നിറക്കാൻ ഈ ചുരത്തിന് കഴിയും.
എന്നാൽ മഴക്കാലത്ത് വയനാട്ടിലേക്കുള്ള യാത്രയിൽ ഓരോ യാത്രകരുടെയും കണ്ണും മനസും കൂടുതൽ തുറന്നിരിക്കേണ്ടിയിരിക്കുന്നു. മഴക്കാലത്ത് മലയിടിഞ്ഞുള്ള അപകടങ്ങൾ പതിവാണ് ഇവിടെ.റോഡിൽ നിന്നും വാഹനങ്ങൾ തെന്നിമാറുന്ന സംഭവങ്ങളും കുറവല്ല.അതിലുപരിയാണ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഗതിഗതകുരുക്കുകൾ.ചുരത്തിലെ ഗതാഗത കുരുക്ക് അനുദിനം തീരാകുരുക്കായി മാറുന്നതാണ് ഇന്നു നാം കാണുന്നത്.മൾട്ടി ആക്സിൽ ബസുകളും, ചരക്കു ലോറികളും, ടിപ്പറുകളും ചുരത്തിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.ഇതിനു ഒരു പരിധിവരെയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മഴക്കാലത്ത് വയനാട് ചുരം വഴിയുള്ള യാത്രയിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാവും.
കഴിഞ്ഞ ദിവസം വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്.
മൈസുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പെട്ടത്.ഉച്ചക്ക് 3.30ഓടെയാണ് ചുരത്തില്‍ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ചരിഞ്ഞത്.