FeatureNEWS

മുല്ലപ്പൂ കൃഷിയിലൂടെ കൊയ്യാം ലക്ഷങ്ങൾ

സുഗന്ധം പരത്തുന്ന പൂക്കളിൽ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുൻപുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കൾ.  ഒരുവർഷം കേരളത്തിൽ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടി രൂപയുടെ മുല്ലപ്പൂക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്.ഇന്ത്യയിൽ ഏകദേശം 100000 ഹെക്ടർ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതിൽ പ്രധാനമായും തമിഴ്‌നാട് കർണാടകം എന്നിവിടങ്ങളിലാണ്.ഓണസമയത്ത് കിലോയ്ക്ക് 6000-രൂപ വരെ വില വന്നിട്ടുള്ള പൂവാണ് മുല്ലപ്പൂവ്.വിവാഹ സീസണുകളിലുൾപ്പടെ ഈ‌ പൂവിന് കേരളത്തിൽ എന്നും വൻ ഡിമാന്റ് തന്നെയാണുള്ളത്.
കുറ്റിമുല്ലയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇത് അറേബ്യൻ മുല്ല, ടസ്‌കൻ മുല്ല എന്നും അറിയപ്പെടുന്നു. വർഷം മുഴുവനും പൂവ് തരുന്ന ഇനമാണിത് ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്റെ ഇനങ്ങൾ.
കൃഷിരീതി
മുല്ല നന്നായിമൊട്ടിട്ട് പൂക്കാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ് തണലിൽ വളരുന്നവ നന്നായിപടർന്നാലും മൊട്ടുകൾ തീരേ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ളതും പശിമരാശിയിൽപെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം തൈകൾ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം.  അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കിനിരപ്പാക്കണം അമ്‌ളഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. 40 സെമീ നീളം വീതി ആഴം എന്നിങ്ങനെയുള്ള കുഴികളാണ് എടുക്കേണ്ടത്.
കുറ്റിമുല്ലയ്ക്ക് ഒന്നര മീറ്ററും മറ്റുള്ളവയ്ക്ക് ഒന്നേമുക്കാൽ മീറ്ററും അകലം ചെടികൾ തമ്മിൽ നൽകാം. വേരുപിടിച്ച കമ്പുകൾ ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായിനടാം. നന്നായിനന കിട്ടുകയാണെങ്കിൽ മറ്റുമാസങ്ങളിലും നടാവുന്നതാണ്.
കൊമ്പുകോതണം
കുറ്റിമുല്ലയുടെ കൊമ്പുകോതൽ പ്രധാനമാണ് നവംബർ-ഡിസംബർ മാസങ്ങളിലാണ് കൊമ്പുകോതേണ്ടത്. വളർച്ച ഇല്ലാത്തതും ഉണക്കം കാണിക്കുന്നതും രോഗം ബാധിച്ചതും ആയ കൊമ്പുകളാണ് വെട്ടിമാേറ്റണ്ടത്. മുറിപ്പാടിൽ അല്പം ബോർഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
രോഗവും കീടവും
ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പൻ പുഴു, ശൽക്കകീടങ്ങൾ എന്നിവയാണ് പ്രധാനമായും മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, കടചീയൽരോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗ്ഗം.
വിളവെടുക്കാം
നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാവുന്നതാണ്. മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. നല്ലവണ്ണം വികസിച്ച മൊട്ടുകളേ പറിച്ചെടുക്കാവൂ. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകൾ കൃഷിക്കാർ നുള്ളി നശിപ്പിക്കും. ഇത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും പിന്നീട് കൂടുതൽ മൊട്ടുകളുണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. നന്നായി പൂക്കുന്ന ചെടിയിൽനിന്ന് ഒരു ഹെക്ടറിൽ നാലുമുതൽ ആറു ടൺവരെ പൂക്കൾ ലഭിക്കും. എന്താ കുറ്റിമുല്ലകൃഷി തുടങ്ങുകയല്ലേ..?

Back to top button
error: