IndiaNEWS

”പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തില്ല, ഭിന്നിപ്പിക്കില്ല; ഉത്തരവാദിത്തത്തോടെ നിലകൊള്ളും”

ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും അതിന്റെ പേരില്‍ പിന്നില്‍ നിന്ന് കുത്താനോ ബ്ലക്ക്മെയില്‍ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുന്നതിന് മുമ്പായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാര്‍ട്ടിക്ക് വേണമെങ്കില്‍ എനിക്ക് ഉത്തരവാദിത്തം നല്‍കാം. 135 അംഗ സംഖ്യയുള്ള ഒരുമയുള്ള വീടാണ് ഞങ്ങളുടേത്. ആരെയും ഭിന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഉത്തരവാദിത്തമുള്ള ആളാണ്. ഞാന്‍ പിന്നില്‍ നിന്ന് കുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ഇല്ല”- ശിവകുമാര്‍ പറഞ്ഞു.

Signature-ad

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.ശിവകുമാറിനൊപ്പം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയാണ് പരിഗണനയിലുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ അഭിപ്രായം സ്വരൂപിച്ച് ഹൈക്കമാന്‍ഡിന് മുന്നിലെത്തിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

”പാര്‍ട്ടി എന്റെ ദൈവമാണ്. ഞങ്ങള്‍ പടുത്തുയര്‍ത്തിയതാണ് ഈ പാര്‍ട്ടി. ഞാനതിന്റെ ഒരു ഭാഗമാണ്. ഒരു അമ്മ അതിന്റെ കുഞ്ഞിന് എല്ലാം നല്‍കും. സോണിയ ഗാന്ധിയാണ് ഞങ്ങളുടെ റോള്‍ മോഡല്‍. കോണ്‍ഗ്രസ് എല്ലാവരുടേയും കുടുംബമാണ്. നമ്മുടെ ഭരണഘടന പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്”- അദ്ദേഹം വ്യക്തമാക്കി.

Back to top button
error: