
കോട്ടയം: സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പകരമായി അതാത് ബൂത്തിലെ ജീവനക്കാരെ നിയമിക്കാതെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വില്ലേജ് ഓഫീസ് ജീവനക്കാരെ ബി.എൽ.ഒമാരായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപെട്ടു. കേരള എൻജിഒ അസോസിയേഷൻ കോട്ടയം കളക്ടറുടെ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ ഡേറ്റാ ബാങ്ക് ധൃതി പിടിച്ച് തയ്യാറാക്കി ഇരുന്നൂറോളം റവന്യു ജീവനക്കാരെ നിയമിക്കുകയായിരുന്നു. ജോലി തിരക്ക് കൊണ്ട് വീർപ്പ് മുട്ടുന്ന വില്ലേജ് ജീവനക്കാർക്ക് ബി.എൽ.ഒ. ഡ്യൂട്ടി പരാതിക്ക് ഇട നൽകാതെ നിർവ്വഹിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ്, സെലസ്റ്റീൻ സേവർ, ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ , ബിജു ആർ, അജേഷ് വി.വി., സ്മിത രവി എന്നിവർ പ്രസംഗിച്ചു.






