IndiaNEWS

നാടകം തുടര്‍ന്ന് കര്‍ണാടകം; സിദ്ധരാമയ്യയേയും ഡി.കെയും ഡല്‍ഹിക്ക് വിളിപ്പിച്ചു

ബംഗലൂരു: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും. ബംഗലൂരുവില്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ ഇന്നുരാവിലെ തന്നെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

പുതിയ നേതാവിനെ കണ്ടെത്താനായി എംഎല്‍എമാര്‍ക്കിടയില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. ഇതിന്റെ വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ വെച്ചു നടത്തും. വോട്ടെടുപ്പില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. 70 ശതമാനം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ, നിരീക്ഷകര്‍ താമസിക്കുന്ന ഹോട്ടലില്‍ രാവിലെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം.

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമുഖ്യമന്ത്രി പദവി ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് നേതാവ് എംബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: