വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്താൻ ചില വഴികൾ…
വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്തുന്നത് വളരെ പ്രയാസമാണ്. അടുക്കളയിലാണ് ഇവരുടെ വാസം കൂടുതൽ. പാത്രങ്ങളിലും കിടക്കയിലും ഷെൽഫുകളിലും ഒക്കെ കയറുന്ന ഇവ രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നുണ്ട്. പാറ്റകളെ വീട്ടിൽ നിന്നും പൂർണമായി ഓടിക്കാനും തിരിച്ച് വരാതിരിക്കാനും ചില വഴികളുണ്ട്. പാറ്റകളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ നോക്കുന്നതല്ലേ? ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
പാത്രങ്ങൾ കൃത്യമായി കഴുകുക
ഭക്ഷണം കഴിച്ച പാത്രങ്ങൾ കൃത്യമായി കഴുകി വയ്ക്കണം. പ്രത്യേകിച്ച് രാത്രിയിൽ ഒരിക്കലും സിങ്കിൽ പാത്രങ്ങൾ കഴുകാതെ ഇടരുത്. പാറ്റകൾ കൂടാനുള്ള പ്രധാന കാരണമാണിത്. കൂടാതെ, എത്രനേരം പാത്രം കഴുകാതെ വയ്ക്കുന്നോ അത്രയും അണുക്കൾ പെരുകുകയും ചെയ്യും.
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
വീടിന്റെ ഒരുഭാഗത്തും വെള്ളം കെട്ടിനിൽക്കാനോ ചോരാനോ അനുവദിക്കരുത്. പാറ്റകൾ മാത്രമല്ല കൊതുകും വളരുന്നതിന് ഇത് സഹായിക്കും.
മാലിന്യങ്ങൾ വീട്ടിനുള്ളിൽ വേണ്ട
മാലിന്യങ്ങൾ ഒരിക്കലും വീട്ടിനുള്ളിൽ കൂട്ടി വയ്ക്കരുത്. അല്ലെങ്കിൽ കൃത്യമായി അവ എടുത്തുമാറ്റണം. അല്ലെങ്കിൽ പാറ്റകൾ പെരുകും.
തറയും വൃത്തിയാക്കണം
വീടിന്റെ എല്ലാ ഭാഗവും കൃത്യമായ ഇടവേളകളിൽ തുടയ്ക്കാൻ ശ്രമിക്കണം. ഫ്ലോർ ക്ലീനർ ഉപയോഗിച്ച് തറകൾ തുടയ്ക്കാൻ ശ്രമിക്കണം.
പാറ്റകളെ തുരത്താൽ ചില വഴികൾ..
നാരങ്ങാനീര്
നാരങ്ങാ നീര് പാറ്റകൾ ഇരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ പാറ്റ ശല്യം ഒഴിവാകും.
വെളുത്തുള്ളി പ്രയോഗം
പാറ്റയെ തുരത്താൻ വെളുത്തുള്ളി നല്ലൊരു ഉപായമാണ്. വെളുത്തുള്ളി ചതച്ച് വീടിന്റെ മുക്കിലും മൂലയിലും വയ്ക്കാം. അല്ലെങ്കിൽ പാറ്റകൾ ഇരിക്കുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി വെള്ളം സ്പ്രേ ചെയ്യാം. സ്ഥിരമായി ഇങ്ങനെ ചെയ്താൽ പിന്നെ പാറ്റശല്യം ഉണ്ടാകില്ല.
വേപ്പില വെള്ളം
പാറ്റകളെ പൂർണമായും ഒഴിവാക്കാൻ ആര്യവേപ്പിന്റെ ഇല നല്ലതാണ്. പാറ്റകളെ കാണാറുള്ള സ്ഥലങ്ങളിൽ വേപ്പില വയ്ക്കാം. അല്ലെങ്കിൽ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം സ്പ്രേ ചെയ്താലും മതി.
കറുവാപ്പട്ട ഗന്ധം
കറുവാപ്പട്ടയുടെ ഗന്ധം പാറ്റകളെ തുരത്തും. കറുവാപ്പട്ടയുടെ പൊടിയോ, അത് കലക്കിയ വെള്ളമോ പാറ്റകൾ ഉള്ള സ്ഥലങ്ങളിൽ പ്രയോഗിക്കാം. നിരന്തരം ഇത് ചെയ്താൽ പാറ്റകൾ പമ്പ കടക്കും.
വയനയിലയും മതി
വയനയിലയുടെ കഷണങ്ങൾ പാറ്റശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വയ്ക്കുന്നത് നല്ലതാണ്.
കർപ്പൂര പൊടി
വെള്ളത്തിൽ കർപ്പൂരത്തിന്റെ പൊടി കലക്കി വീടിന്റെ എല്ലാ ഭാഗത്തും സ്പ്രേ ചെയ്യുക. ദിവസേന ഇങ്ങനെ ചെയ്താൽ മതി.