KeralaNEWS

രോഗികളെ ചുറ്റിച്ച് ഡോക്ടർമാരുടെ പണിമുടക്ക്; പോലീസിനെതിരെയും ആരോപണം

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡോക്ടർ വന്ദന കുത്തേറ്റു മരിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ഡോക്ടർമാരുടെ സംഘടന പ്രഖ്യാപിച്ച പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് രോഗികൾ.സമീപ ജില്ലകളിൽ നിന്നുപോലും രാവിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തി ക്യൂ നിന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.സ്വകാര്യ ആശുപത്രികളിലും ഒപി പ്രവര്‍ത്തിച്ചില്ല.
ഇന്ന് പുലര്‍ച്ചെയാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായത്.സര്‍ജന്‍ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്.സ്വഭാവ ദൂഷ്യത്തിന് സസ്പെന്‍ഷനിലുള്ള നെടുമ്ബന യുപി സ്‌കൂള്‍ അധ്യാപകന്‍ കുടവട്ടൂര്‍ എസ്. സന്ദീപാണ് ക്രൂരമായ കൊലപാതകം നടത്തിയത്.ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.
 കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന.സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണമാണ് ഉയരുന്നത്.
അതേസമയം കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്ബോള്‍ പൊലീസുകാര്‍ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദ്ദേശമെന്നും പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.ചികിത്സയ്ക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്.അല്ലാതെ പ്രതിയല്ല.അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും സംഭവത്തിൽ കുത്തേറ്റിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: