KeralaNEWS

കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം: പോലീസ് പറയുന്നതിങ്ങനെ:

രു ദാരുണ സംഭവം നടന്നാൽ, എന്താണ് നടന്നതെന്ന യഥാർത്ഥ വസ്തുത വെളിച്ചത്തു വരുന്നതിന് മുൻപ് തന്നെ മലയാളികളെ ചേരിതിരിപ്പിക്കുന്ന മാധ്യമ പ്രവർത്തനം സമൂഹത്തിന് ഭീഷണിയാണ്.
ഡോക്ടർ വന്ദനയുടെ കൊലപാതകം നിഷ്ഠൂരവും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണ്.അതിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.എന്നാൽ കാര്യമറിയാതെയാണ് മാധ്യമങ്ങൾ ഉൾപ്പെടെ പലരും ഇവിടെ വാർത്തകൾ പടച്ചുവിടുന്നത്.പോലീസിന്റെ കൈയ്യിൽ തോക്കില്ലായിരുന്നോ എന്നായിരുന്നു ചോദ്യം.പോലീസ് ആ സമയത്ത് ഷൂട്ട് ചെയ്യുകയും അയാൾ കൊല്ലപ്പെടുകയും ചെയ്തന്നിരിക്കട്ടെ.എന്തായിരിക്കും അതിനുശേഷമുള്ള ഇവിടുത്തെ സ്ഥിതി ? ഈ‌ മാധ്യമങ്ങൾ ആ സമയം മുതൽ ഏത് രീതിയിൽ വാർത്തകൾ കൈകാര്യം ചെയ്തു തുടങ്ങും ..?
ഡോക്ടറെയും പോലീസിനേയുമൊക്കെ കുത്തിയ സന്ദീപിനെ ഒരു പ്രതിയായല്ല പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.സന്ദീപാണ് രാത്രി ഒരുമണിയോടെ പരാതിയുമായി പൊലീസ് എമർജൻസി നമ്പരിലേക്ക് വിളിക്കുന്നത്.തന്നെ അളുകൾ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്.തുടർന്ന് സ്റ്റേഷനിൽ നിന്ന് അയാൾ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
പുലർച്ചെ 3.30 കഴിഞ്ഞപ്പോൾ മറ്റൊരു നമ്പറിൽ നിന്നും സന്ദീപ് വീണ്ടും വിളിച്ചു.ലൊക്കേഷൻ മനസ്സിലാക്കിയ പോലീസ് സന്ദീപിന്റെ പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തി. സന്ദീപിന്റെ വീട്ടിൽ നിന്നും അര കിലോമീറ്ററോളം മാറി മറ്റൊരു വീടിന്റെ മുന്നിൽ വടിയുമായി നിൽക്കുന്ന സന്ദീപിനെ ഒടുവിൽ പോലീസ് കണ്ടെത്തി.
അപ്പോൾ പരാതിക്കാരനായ സന്ദീപിന്റെ ശരീരത്ത് മുറിവുകൾ ഉണ്ടായിരുന്നു.സന്ദീപിന്റെ ബന്ധുവിനും നാട്ടുകാരനുമൊപ്പം പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് അപ്പോഴാണ്. തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് അയാൾ അപ്പോൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.
താലൂക്കാശുപത്രി കാഷ്വാലിറ്റിയിലെത്തിച്ച സന്ദീപിനെ ഡോക്ടർ പരിശോധിക്കുന്ന സമയം കുഴപ്പങ്ങൾ ഉണ്ടായിരുന്നില്ല.തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
സന്ദീപ് പെട്ടെന്ന് അക്രമാസക്തനായി. ബന്ധുവിനെ ചവിട്ടി വീഴ്ത്തി കത്രിക എടുത്ത് ഹോം ​ഗാർഡിനെ കുത്തി. സംഭവം കണ്ട് ഓടിയെത്തിയ എയ്‌ഡ് പോസ്റ്റിലെ എഎസ്ഐയെയും ബന്ധുവിനെയും കുത്തി പരിക്കേൽപ്പിച്ചു.
അപ്പോൾ മുറിയിലുണ്ടായിരുന്ന ഡോക്‌ടർമാരും മറ്റു സ്റ്റാഫുകളും ഓടി തൊട്ടടുത്ത മുറിയിലേക്ക് കയറി വാതിലടച്ചു.അവർ വന്ദനയെ വിളിച്ചെങ്കിലും ആ കുട്ടി പേടിച്ചുപോയതിനാലാവണം അനങ്ങാനാവാതെ നിൽക്കുകയായിരുന്നു.അപ്പോഴാണ് സന്ദീപ് തിരിച്ചുചെന്ന് വന്ദനയെ കുത്തിയത്.
കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഈ വസ്തുതയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.എങ്ങനെയാണ് പ്രതിയല്ലാത്ത ഒരാളെ വിലങ്ങ് വയ്ക്കുക?
മയക്കുമരുന്നിന്റെ, അപകടകരമായ മാനസിക വൈകല്യത്തിന്റെ ഭീഷണിയെ ഒറ്റക്കെട്ടായി നിന്ന് കൈകൾ കോർത്ത് പ്രതിരോധിക്കുന്നതിന് പകരം കാര്യമറിയാതെ പോലീസിനെ കുറ്റപ്പെടുത്തുകയാണ് എല്ലാവരും ചെയ്യുന്നത്.പൊതുജനത്തിന്റെ വൈകാരികമായുള്ള പ്രതികരണം മനസ്സിലാക്കാം.പക്ഷെ ആൾക്കൂട്ടത്തിന് ചേർന്ന വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരാണ് അവരെ കൂടുതൽ തെറ്റിലേക്ക് നയിക്കുന്നതെന്ന് പറയാതെ വയ്യ.

Back to top button
error: