KeralaNEWS

പോക്കറ്റിലിരുന്ന റിയല്‍മി ഫോണിന് തീപിടിച്ചു; പാന്റ് ഊരി എറിഞ്ഞ യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാ (23)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ താല്‍കാലിക ജീവനക്കാരനാണ് ഫാരിസ്.

‘റിയല്‍മി 8’ സ്മാര്‍ട്ഫോണ്‍ ആണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണിത്. അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്പ്ലേ മാറ്റിയിരുന്നു. തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണണായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി.

Signature-ad

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബറില്‍ പോക്കറ്റിലിരുന്ന റിയല്‍മി 8 സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 2021 ഒക്ടോബറിലും ഇതേ ഫോണ്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയുടെ തന്നെ നാര്‍സോ 5എ, റിയല്‍മി എക്സ്ടി, റിയല്‍മി 5 തുടങ്ങിയ ഫോണുകളും തീപിടിച്ച് അപകടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയെ കൂടാതെ റെഡ്മി പോലുള്ള മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളുടേയും ഫോണുകള്‍ മുമ്പ് പൊട്ടിത്തെറിച്ചിട്ടുണ്ട്. അടുത്തിടെ തൃശൂരില്‍ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു എട്ടുവയസുകാരി മരിച്ചിരുന്നു. ഫോണില്‍ വീഡിയോ കാണുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

യഥാര്‍ത്ഥ ബാറ്ററി ഉപയോഗിക്കാതിരിക്കുക, കമ്പനിയുടെ തന്നെ സര്‍വീസ് സെന്ററുകളില്‍ നിന്ന് ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കുക, ഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കുക തുടങ്ങി ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് പറ്റുന്ന വീഴ്ചകള്‍ പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ഇതിനെല്ലാം പുറമെ നിര്‍മാണത്തിലുണ്ടാവുന്ന പിഴവുകളും അപകടകാരണമായേക്കാം.

Back to top button
error: