മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. മുങ്ങല്‍ വിദഗ്ധരും ഈ കൂട്ടത്തിലുണ്ട്. തെരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്.
അതേസമയം, മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ബോട്ട് ചെരിഞ്ഞ് പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. അല്‍പ്പസമയത്തിനകം തന്നെ ബോട്ട് മറിഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു.
40 പേരാണ് ബോട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ ബോട്ടിന്റെ അപകടാവസ്ഥ കണ്ട് ഇതില്‍ ചിലര്‍ യാത്രയില്‍ നിന്ന് പിന്മാറുകയായിരുന്നു. മരിച്ചവരില്‍ പതിനൊന്ന് പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ മരിച്ച 22 പേരില്‍ ഏഴ് പേര് കുട്ടികളാണ്. ഒന്‍പത് പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര് അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.