KeralaNEWS

ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം:താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ള ജുഡീഷ്യല്‍ കമ്മിഷനെ ഇതിനായി നിയോഗിക്കും.അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പ്രത്യേക വിമാനത്തിൽ സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി.തിരൂരങ്ങാടിയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി അദ്ദേഹം വിഷയം ചർച്ച ചെയ്തു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.നേരത്തെ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രഖ്യാപിച്ചിരുന്നു.

 

22 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു.അതില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.2 പേര്‍ ആശുപത്രി വിട്ടു. 5 പേര്‍ നീന്തി രക്ഷപ്പെട്ടു

Back to top button
error: