ഉച്ചയ്ക്ക് 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങൾ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നിൽക്കുന്നത് ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, ഉയർന്ന പഞ്ചസാരയുടെ തോത്, ഉയർന്ന രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോർട്ട് പറയുന്നു.
പഠനത്തിൻറെ ഫലം ഒബീസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചൂ. 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഉയർന്ന ബോഡി മാസ് ഇൻഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകർ കണ്ടെത്തി. ആഴ്ചയിലൊന്നെങ്കിലും ദീർഘമായ ഉച്ചമയക്കത്തിൽ ഏർപ്പെടുന്നവർ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകർ പറയുന്നു. ഇവർ പുകവലിക്കാനുള്ള സാധ്യതയും അധികമാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
യുഎസിലെ മുതിർന്നവരിൽ പത്തിൽ നാലുപേർക്കും പൊണ്ണത്തടിയുണ്ട്. കുട്ടികളിലും കൗമാരക്കാർക്കിടയിലും പൊണ്ണത്തടി നിരക്ക് വർദ്ധിക്കുന്നു, 2 മുതൽ 19 വയസ്സുവരെയുള്ള അമേരിക്കക്കാരിൽ 20% പേർക്കും പൊണ്ണത്തടിയുള്ളതായി ഗവേഷകർ പറയുന്നു. 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നത് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.