തിരുവനന്തപുരം: യുവാവിനെ വശീകരിച്ച് ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നല്‍കി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി സിന്ധു (34), വള്ളക്കടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹാജ (29) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റു ചെയ്തത്.
കിഴക്കേക്കോട്ട ഭാഗത്തുനിന്ന് വെട്ടുകാട് സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജിനു സമീപത്തുള്ള ലോഡ്ജില്‍ എത്തിച്ചശേഷം പാനീയത്തില്‍ മയക്കുമരുന്നു നല്കി മയക്കിയശേഷമായിരുന്നു കവര്‍ച്ച. കഴിഞ്ഞ 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം. പണവും അഞ്ചുപവന്റെ മാലയും ഒന്നരപ്പവന്റെ മോതിരവുമാണ് കവര്‍ന്നത്.
പ്രതികളെ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടില്‍നിന്നു പിടികൂടുകയായിരുന്നു. നാഗര്‍കോവിലിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
വശീകരിച്ച് ലോഡ്ജ് മുറികളില്‍ എത്തിച്ച് ഗുളികകള്‍ നല്‍കി മയക്കി പണവും സ്വര്‍ണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.