IndiaNEWS

അരിക്കൊമ്പൻ തമിഴ്നാടിനും തലവേദന; ജനവാസമേഖലയ്ക്കടുത്ത്, വിനോദ സഞ്ചാരികൾക്ക് നിരോധനം

ഇടുക്കി: തമിഴ്നാടിനും തലവേദനയായി അരിക്കൊമ്പൻ. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സാങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ കഴിഞ്ഞ മൂന്ന് ദിവസമായി ജനവാസമേഖലക്ക് സമീപത്തിറങ്ങി. തമിഴ്നാട്ടിലെ മേഘമലക്ക് സമീപം മണലാറിലാണ് അരിക്കൊമ്പനെത്തിയത്. ഇന്നലെ രാത്രി ആന തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആന മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നേരെയും ആന പാഞ്ഞടുത്തു. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് അധികൃത‍ർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

അരിക്കൊമ്പൻ ആനയിറങ്ങുന്ന സാഹചര്യത്തിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അരിക്കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് തമിഴ്നാട് വനംവകുപ്പ് നിരോധിച്ചു. സ‍ർക്കാ‍ർ വാഹനങ്ങളും പ്രദേശ വാസികളുടെ വാഹനങ്ങളും മാത്രമാണ് മേഘമല ഭാഗത്തേക്ക് കടത്തിവിടുന്നത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Signature-ad

ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ ഈ ഭാഗത്ത് ജനങ്ങളെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് വരാൻ സാധ്യയുള്ളതിനാൽ കൂടുതൽ വനപാലകരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തേക്ക് എത്തിയാൽ ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനാണ് നിർദ്ദേശം.

Back to top button
error: