മെയ് 7 ലോക ചിരിദിനമായി ആചരിക്കുകയാണ്. സമ്മര്‍ദത്തെ മറികടക്കാനും സന്തോഷവാനായി കഴിയാനും ‘ചിരി’ സഹായിക്കുന്നു. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതം നന്നാവുകയും ആയുസ് കൂടുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തോട് കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്താനും സങ്കടത്തിൽ നിന്ന് തിരിച്ചുവരാനും ചിരി സഹായിക്കുന്നു.
ചിരി മാനസികമായി സ്വാധീനം ചെലുത്തുന്നു. മാത്രമല്ല, കൂടുതല്‍ ചിരിക്കുന്നത് ശാരീരിക ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ഇത് അസ്വസ്ഥത കുറയ്ക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചിരിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും സന്തോഷമായിരിക്കുന്നതിനെക്കുറിച്ചും അറിവ് സൃഷ്ടിക്കുന്നതിനാണ് ലോക ചിരി ദിനം ആചരിക്കുന്നത്. ചിരി ഒന്നിനും മരുന്നല്ല , പക്ഷെ ഒരു പുഞ്ചിരികൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭ ചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി.
തീയതി:
എല്ലാ വര്‍ഷവും, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഈ വര്‍ഷം മെയ്ഏഴിനാണ് ലോക ചിരി ദിനം.
ചരിത്രം:
ചിരി യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദന്‍ കടാരിയയാണ് 1988-ല്‍ ലോക ചിരി ദിനം ആരംഭിച്ചത്. ഒരു വ്യക്തിയുടെ മുഖഭാവങ്ങള്‍ അവരുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഗുണപരമായ ഫലങ്ങളെക്കുറിച്ച് അറിവ് സൃഷ്ടിക്കുന്നതിനാണ് മെയ് 10 ന് മുംബൈയില്‍ ആദ്യത്തെ ലോക ചിരി ദിനം ആചരിച്ചത്. എല്ലാ വര്‍ഷവും, ചിരിയുടെ പ്രാധാന്യത്തെക്കുറിച്ചും സന്തോഷത്തോടെ ഇരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം.
പ്രാധാന്യം:
ലോക ചിരി ദിനം സമാധാനത്തെയും ചിരിയുടെ പ്രവര്‍ത്തനത്തിലൂടെ സൗഹൃദവും സാഹോദര്യവും സൃഷ്ടിക്കുന്ന ആശയവും പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ ചിരി സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനും മുഖത്തിന്റെയും പേശികളുടെയും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
ചിരി ശുഭസൂചകമായി ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് ഡോ. മദന്‍ കടാരിയ ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാൻ തക്ക ശക്തമായ ഒന്നാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാർഗത്തിലേക്കു നയിക്കാൻ ചിരിയെന്ന മാന്ത്രികനു സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാൻ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രാചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവൻ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.
മനുഷ്യന്റെ ശാരീരിക മാറ്റങ്ങൾ അവന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്ന് ആദ്യമായി പറഞ്ഞത് ചാൾസ് ഡാർവിനായിരുന്നു. ഡാർവിന്റെ തത്വവും ഡോ കത്താരിയയെ ഏറെ സ്വാധീനിച്ചു. ചിരിക്കുവേണ്ടിയുള്ള ആഘോഷം ലോക സമാധാനത്തിനു വേണ്ടി കൂടിയുള്ള ആഘോഷമാണെന്നും ചിരിദിന സ്ഥാപകൻ പറഞ്ഞിട്ടുണ്ട്. 105 ഓളം രാജ്യങ്ങളിലാണ് ഇപ്പോൾ ചിരിയോഗ പ്രചാരത്തിലുള്ളത്.അവിടെയെല്ലാം നൂറു കണക്കിന് ചിരി ക്ലബ്ബുകളുമുണ്ട്