KeralaNEWS

കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകുമെന്നത് വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടറിയരുതെന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമാണ്.അതിന് വേണ്ടി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നു.അവര്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടുന്നവരാണ്.കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല. യു ഡി എഫിന്‍്റെ ദുസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യു ഡി എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021ല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നിട്ട് എന്തു സംഭവിച്ചു.ജനങ്ങള്‍ ഒന്നാകെ സര്‍ക്കാരിന്റെ കൂടെ നിന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് സര്‍ക്കാരിന് പ്രധാനം. ചിലര്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഇല്ലാക്കഥകള്‍ ഉണ്ടാക്കുകയാണ്, കെട്ടിച്ചമക്കുകയാണ്, ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പക്ഷേ ഒന്നും ഏശുന്നില്ല.കാരണം ഏശണമെങ്കില്‍ യുഡിഎഫിന്റെ സംസ്കാരമുള്ളവരായിരിക്കണം ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഭരണത്തിലിരിക്കുന്നത് എല്‍ഡിഎഫ് ആണ്. മന്ത്രിമാര്‍ അവരവരുടെ സംസ്കാരത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കെട്ടിച്ചമക്കുന്ന ആരോപണങ്ങളൊന്നും ഏശുന്നവരല്ല. അത്രയും സുതാര്യമായിട്ടാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്.
കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ജി ഒ എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Back to top button
error: