KeralaNEWS

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ രോഗികളെ ചുമന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ഡോ. ഡോസ് ഡിക്രൂസിൻറെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശ പ്രകാരമാണ് വിജിലൻസ് പരിശോധന.

കഴിഞ്ഞ മാസം നാലിന് കേടായ ലിഫ്റ്റ് ഇത്രയും കാലമായിട്ടും നന്നാക്കാത്തത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ആശുപത്രി അധികൃതർ വരുത്തിയ കാലതാമസത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വിജിലൻസ് ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസ് ആശുപത്രിയിലെത്തി കേടായ ലിഫ്റ്റ് പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ രേഖകൾ പരിശോധിച്ചു.

Signature-ad

കിടപ്പ് രോഗികളെ ആശുപത്രി ജീവനക്കാർ ചുമന്നാണ് ഇപ്പോഴും വിവിധ നിലകളിൽ എത്തിക്കുന്നത്. ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന് ഇറക്കേണ്ടി വന്നതും മൃതദേഹം നാലാം നിലയിൽ നിന്ന് ചുമന്നിറക്കിയ സാഹചര്യവും വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെത്തി പരിശോധന നടത്തിയ ജില്ലാ സബ് ജഡ്ജി ബി. കരുണാകരൻ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ലിഫ്റ്റ് നന്നാക്കാ‍ൻ കാലതാമസം ഉണ്ടായത് അടക്കമുള്ള കാര്യങ്ങൾ ഉള‍്പ്പെടുത്തി ഇദ്ദേഹം സംസ്ഥാന ലീഗർ സർവീസസ് അഥോറിറ്റി മെമ്പർ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Back to top button
error: