CrimeNEWS

ജീവനൊടുക്കിയത് ഭർതൃവീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെ, നിർണായകമായത് അനുപ്രിയയുടെ മുറിയിൽനിന്ന് കണ്ടെടുത്ത കത്ത്; ഭർത്താവ് ഒന്നാംപ്രതി, ഭർത്താവിന്‍റെ അച്ഛനും അമ്മയും അകത്തായി

തിരുവനന്തപുരം: ഭർതൃ വീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വീട്ടിൽ നിന്നും കണ്ടെടുത്ത കത്ത്. അനുപ്രിയയുടെ റൂമിൽ നിന്നാണ് പൊലീസ് ആറ് പേജുള്ള കത്ത് കണ്ടെത്തിയത്. ഭർത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള കാര്യങ്ങളാണ് ആറ് പേജ് കത്തിൽ പറയുന്നത്. ഗർഭം അലസിയതിന് പിന്നാലെയാണ് ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സഹികെടുന്ന നിലയിലെക്ക് എത്തിയതെന്നും കത്തിൽ വിവരമുണ്ട്. ഗർഭിണിയായ അനുപ്രിയക്ക് അബോർഷൻ ആയതോടെ ഭർത്താവിൻറെ വീട്ടുകാർ മാനസികമായി ഉപദ്രവിച്ചുവെന്നാണ് കത്തിൽ പറയുന്നത്. ഭർത്താവിനെ അനുപ്രിയ ഇക്കാര്യം അറിയിച്ചു. എന്നാൽ ഭർത്താവും അബോർഷൻറെ പേരിൽ അനുപ്രിയയെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു. ഇതോടെ അനുപ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായി. പിന്നാലെയാണ് അനുപ്രിയ ജീവനൊടുക്കിയതെന്നാണ് വ്യക്തമാകുന്നത്.

കേസിൽ അനുപ്രിയയുടെ ഭർത്താവിൻറെ അച്ഛനും അമ്മയുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അഞ്ചൽ ഏരൂർ സ്വദേശികളായ മൻമഥൻ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുളളത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് കാച്ചാണി സ്വദേശി അനുപ്രിയ ജീവനൊടുക്കിയത്.

Signature-ad

കാച്ചാണിയിലുളള സ്വന്തം വീട്ടിലെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെ ഫാനിൽ ഷാൾ കുരുക്കിയാണ് അനുപ്രിയ ജീവനൊടുക്കിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലേക്ക് പോയ അനുപ്രിയയെ വൈകിട്ടായിട്ടും കാണാതായതോടെ റൂം തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതിന് പിന്നാലയാണ് ആത്മഹത്യ. ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും മാനസിക സമർദ്ദത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഭർത്യ വീട്ടിൽ ഒരു മാസം മാത്രമാണ് യുവതിയുണ്ടായിരുന്നത്. അതിന് ശേഷം അഞ്ച് മാസമായി അനുപ്രിയ അച്ഛനും അമ്മയോടുമൊപ്പം അരുവിക്കരയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഭർത്താവ് മനു ഗൾഫിൽ മടങ്ങിപ്പോയിരുന്നു. ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അച്ഛനും അമ്മക്കും പിന്നാലെ മനുവിനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

Back to top button
error: