ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. സുപ്രീംകോടതിയിലാണ് സിബിഐ സന്നദ്ധത അറിയിച്ചത്. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുള്ളത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുതിയ ഹര്‍ജി എത്തിയ സാഹചര്യത്തിലാണ് സിബിഐ പഴയ നിലപാട് ആവര്‍ത്തിച്ചത്.
കൊച്ചി സിബിഐ യൂണിറ്റിലെ എസ്പിയാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കി. 2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു.
അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയത്. അഞ്ച് കോടി രൂപ ആയിരുന്നു കെഎം മാണി ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, മന്ത്രി വിഎസ് ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും കൈമാറിയതായും 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായി സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.