കൊല്ലം: വേനൽമഴയ്ക്കൊപ്പം അപ്രതീക്ഷിതമായെത്തിയ കാറ്റിൽ ചടയമംഗലത്ത് വ്യാപകമായ കൃഷിനാശം.നിലമേല്‍ കരുന്തലക്കോട് സ്വദേശി ബൈജുവിന്റെ മൂന്നേക്കർ സ്ഥലത്തെ 2500 ഓളം ഏത്തവാഴ കൃഷി പൂര്‍ണമായി നശിച്ചു. കുലച്ചതും അല്ലാത്തതുമായ വാഴകളാണ് നശിച്ചത്. ആയൂരിലെ യൂനിയന്‍ ബാങ്കില്‍ നിന്നും നിലമേലിലെ കനറാ ബാങ്കില്‍ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ചാണ് ഇദ്ദേഹം വാഴകൃഷി തുടങ്ങിയത്.
നിലമേല്‍ കൃഷിഭവന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആളാണ് ബൈജു.മന്ത്രി ജെ. ചിഞ്ചുറാണിയായിരുന്നു അവാര്‍ഡ് നല്കി ബൈജുവിനെ ആദരിച്ചത്.
പ്രവാസജീവിതം അവസാനിപ്പിച്ചാണ് ബൈജു നാട്ടില്‍ കൃഷി ആരംഭിച്ചത്.കൃഷിഭവന് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചതില്‍ ഏഴു ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.