പുണ്യമാണ് കാലത്തെ അതിജീവിക്കുന്ന സമ്പാദ്യം, നന്മകള് വിതറി കടന്നുപോകുന്നവര്‍ക്ക് കുറ്റബോധത്തിന് ഇടവരില്ല
വെളിച്ചം
ആ ആത്മീയപ്രഭാഷണം അയാളെ അലോസരപ്പെടുത്തി. അതിലെ ഒരു വാചകമാണ് ഏറെ അസ്വസ്ഥത പകർന്നത്:
‘നിങ്ങള്‍ എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല.’
ആത്മീയപ്രഭാഷണം അവസാനിച്ച ഉടൻ അയാള്‍ തന്റെ പ്രിയ സുഹൃത്തുക്കളിൽ ചിലരെ വിളിച്ചുവരുത്തി. എന്നിട്ടുപറഞ്ഞു: ‘മരിക്കുമ്പോള്‍ പണം കൂടി കൊണ്ടുപോകാനുള്ള ഉപായം പറഞ്ഞുതരുന്നയാള്ക്ക് ഒരുലക്ഷം രൂപം സമ്മാനം.’
ഇതുകേട്ട് ആ സംഘത്തിലൊരുവൻ ചോദിച്ചു:
‘താങ്കൾ അമേരിക്കയിലേക്ക് പോകുമ്പോള്‍ പൈസയെ എങ്ങിനെയാണ് കൊണ്ടുപോകുന്നത്.’
‘ഡോളര്‍ ആയിട്ട് …’
അയാള്‍ പറഞ്ഞു.
‘എന്തുകൊണ്ട് രൂപയായി കൊണ്ടുപോകുന്നില്ല?’ സുഹൃത്ത് ചോദിച്ചു. ‘അവിടെ ഡോളര്‍ മാത്രമേ എടുക്കു.’
അയാൾ മറുപടി പറഞ്ഞു.
സുഹൃത്ത് തുടര്‍ന്നു:
‘ഓരോ രാജ്യത്തും ജീവിക്കാന്‍ അവിടെ ഉപയോഗിക്കുന്ന കറന്‍സി വേണം. മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഉപകാരപ്പെടുന്ന കറന്‍സി ശേഖരിച്ചാല്‍ ഈ പ്രശ്നം തീര്‍ന്നു…’
അയാള്‍ കൂട്ടുകാരനെ നോക്കി. ‘പുണ്യപ്രവൃത്തികളാണ് സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കുന്ന കറന്‍സി…’
കൂട്ടുകാരന് പറഞ്ഞവസാനിപ്പിച്ചു.
തങ്ങളുടെ നിയോഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഉള്ള കര്‍മ്മങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് നമുക്ക് ഉറപ്പ് വരുത്താം. എല്ലാ കര്‍മ്മവും പുണ്യമാണ്.. അവയില്‍ അഹം അപ്രത്യക്ഷമാകുകയും അപരന് തെളിഞ്ഞുവരികയും ചെയ്യുന്നു എന്നതാണ് മഹത്തരമായ കാര്യം. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നന്മകള് വിതറികടന്നുപോകുന്നവര്ക്ക് അപരിചിതമായ ഇടങ്ങളില്‍ പോലും അനുയോജ്യമായ കറന്‍സികള്‍ ആരെങ്കിലും കൈമാറും…
അതിനാല്‍ നമുക്ക് നന്മകള് സമ്പാദിക്കാം… നന്മകള് വിതറാം.
ഏവർക്കും ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ