പത്തനംതിട്ട:ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ലോട്ടറി വിൽപ്പനയ്ക്കായി ഇറങ്ങിയ പത്മിനി എന്ന വീട്ടമ്മയ്ക്ക് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരുകോടി രൂപയുടെ ഭാഗ്യം.സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി 47ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനാർഹമായ എഫ്എ 596424 നമ്പർ ടിക്കറ്റ് വിറ്റത് പത്മിനിയാണ്.
സെന്റ് പീറ്റേഴ്സ് ജംക്‌ഷനു സമീപത്തെ പെട്രോൾ പമ്പിനു മുൻപിൽ സ്ഥിരമായി ടിക്കറ്റ് വിൽക്കുന്ന മണ്ണാറമല പ്രതീക്ഷാ ഭവനിൽ പത്മിനിക്ക്(58) ഒട്ടേറെ പ്രാരബ്ധങ്ങളുണ്ട്.ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ വേണ്ടിയാണു പത്മിനി ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയത്.
ഭർത്താവ് ചെല്ലപ്പൻ കൂലിപ്പണിക്കാരനായിരുന്നു. ഹെർണിയ ബാധിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ നിർദേശിച്ചതോടെ അതിനു പണമില്ലാതെ വന്നു. ഭർത്താവ് കിടപ്പിലായതോടെ വീട് പട്ടിണിയിലായി. അങ്ങനെയാണ് പത്മിനി 3 വർഷം മുൻപ് ലോട്ടറി വിൽപന തുടങ്ങിയത്. ഭർത്താവിന്റെ ശസ്ത്രക്രിയയും ഇതിനിടയിൽ നടത്തി.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റഴിച്ചതിനു 10 ശതമാനം ഏജൻസി കമ്മിഷൻ ഉണ്ട്. നികുതി കഴിഞ്ഞ് 8 ലക്ഷം രൂപയിൽ കുറയാതെ പത്മിനിക്ക് കമ്മിഷനായി ലഭിക്കും.അതേസമയം ഒന്നാം സമ്മാനമായ ഒരു കോടി രൂപ നേടിയ ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.