തൃശൂർ: തൃശൂർ പൂരം ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെയും തൃശൂർ കോർപ്പറേഷന്റെയും ഒപ്പം കൈകോർത്ത് വടക്കാഞ്ചേരി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളും. പൂര മൈതാനത്ത് മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുവാനുള്ള തെങ്ങിൻപട്ട കൊണ്ടുള്ള വല്ലങ്ങളാണ് ഹരിത കർമ സേന നിർമിക്കുന്നത്. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിനു ഹരിത കർമസേന സ്ഥിരമായി വല്ലങ്ങൾ നിർമിച്ചു നൽകാറുണ്ട്. സമീപപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് വല്ലങ്ങളും മറ്റും നിർമിക്കാൻ ഹരിത കർമസേനയ്ക്ക് ഓർഡർ നൽകാറുണ്ട്.
പ്രശംസനീയമായ ഈ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട ശുചിത്വ മിഷനാണ് ഇത്തവണ തൃശൂർ പൂരത്തിനായി 30 വല്ലങ്ങൾ ഹരിത കർമസേനയ്ക്ക് ഓർഡർ നൽകിയത്. പ്രവർത്തനങ്ങളുടെ തുടർച്ചയായി വിവിധ ഹരിത സംരംഭങ്ങളിലേക്ക് കൂടി കടക്കുന്നതിന്റെ ഭാഗമായാണ് വല്ലത്തിന്റെ നിർമാണം നടത്തുന്നത്. ഇതിനുമുൻപ് സംസ്ഥാനത്ത് ആദ്യമായി ജൈവകൃഷി നടത്തിയും ഹരിത കർമ സേന ശ്രദ്ധാകേന്ദ്രം ആയിട്ടുണ്ട്.
നഗരസഭയിലെ പൊതുപരിപാടികളിൽ ഹരിത ചട്ടം പാലിക്കുവാൻ സേനയുടെ സഹകരണവും ഉണ്ടാകാറുണ്ട്. തുണി സഞ്ചി നിർമാണം, ഹരിത ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് കൂടി പ്രവേശിക്കാൻ ഒരുങ്ങുകയാണ് വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമസേന.