പത്തനംതിട്ട: സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പരാതിയുമായി വനിതാ പ്രവര്‍ത്തക. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു. മല്ലപുഴശേരി സ്വദേശിക്കെതിരേയാണ് പരാതി.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുസംബന്ധിച്ച പരാതിയുമായി യുവതി മല്ലപുഴശേരി ലോക്കല്‍ കമ്മിറ്റിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് അവര്‍ ഏരിയ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതോടെ ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇടപെട്ട് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. യുവതി പോലീസില്‍ പരാതി നല്‍കുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ അടുത്തതോടെ വ്യാഴാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.
അതേസമയം, ആരോപണ വിധേയനായ ആളും പരാതിക്കാരിയും തമ്മില്‍ ഏറെക്കാലമായി അറിയാവുന്നവരാണ്. പരാതിക്കാരുടെ മകള്‍ക്ക് വിദേശയാത്രയ്ക്കായി നല്കിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തരമൊരു പരാതിക്ക് ഇടയാക്കിയതെന്നാണ് ആരോപണ വിധേയന് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം.