KeralaNEWS

തെക്കൻ കേരളത്തിനു പുറമെ വടക്കൻ ജില്ലകളിലേക്കും മഴ; പെയ്ത മഴയുടെ കണക്കുകൾ അറിയാം

പാലക്കാട്: കരിഞ്ഞുണങ്ങിയ കൃഷിയ്ക്കും കരഞ്ഞുതീരാത്ത കർഷകർക്കും ആശ്വാസമായി സംസ്ഥാനത്തെങ്ങും മഴയുടെ കേളികൊട്ട്.വേനൽമഴയൂടെ ആദ്യ കണക്കുകളിൽ പെടാതിരുന്ന വടക്കൻ ജില്ലകളിലേക്കും മഴയെത്തിയതോടെ കർഷകരും സന്തോഷത്തിലാണ്.
തിങ്കളാഴ്ച ഉച്ചമുതൽ പാലക്കാട് ടൗണിലടക്കം മഴ പെയ്തിരുന്നു.ചൊവ്വാഴ്ചയും ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്.മഴയോടൊപ്പം കാറ്റുമുണ്ടായി.മരങ്ങൾ കടപുഴകി പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.ബുധനാഴ്ചയും വിവിധ മേഖലകളിൽ മഴ ലഭിച്ചിരുന്നു.ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലും മണ്ണാർക്കാട് മേഖലയിലും മഴലഭിച്ചു. മണ്ണാർക്കാട്, അട്ടപ്പാടി, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ, കല്ലടിക്കോട്, തച്ചമ്പാറ, ചെർപ്പുളശ്ശേരി മേഖലകളിലടക്കം ശക്തമായ കാറ്റാണുണ്ടായത്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ലഭിച്ച മഴയുടെ അളവ് കൂടുതൽ.കാലാവസ്ഥാ വകുപ്പിന്റെ എ.ഡബ്ലു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ആറു മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ്. ഇവിടെ 2.75 സെ.മി മഴ ലഭിച്ചു. പത്തനംതിട്ടയിലെ ഉളനാട്ടിൽ 2.5 സെമി മഴ ലഭിച്ചു. തിരുവനന്തപുരത്ത്, 2.5 ഉം നെയ്യാറ്റിൻകരയിൽ 5.5 എം.എം മഴ ലഭിച്ചു. തിരുവനന്തപുരം പിരിപ്പൻകോട് 8.5 എം.എം മഴ ലഭിച്ചു.

മധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് 13 എം.എം മഴ ലഭിച്ചു. കൂത്താട്ടുകുളം 4.5, തൊടുപുഴ 5.5 എം.എം മഴ പെയ്തു. വടക്കൻ കേരളത്തിൽ കൂടുതൽ മഴ വയനാട് പടിഞ്ഞാറത്തറയിലാണ്. 8.5 എം.എം ആണ് ഇവിടെ ഇന്ന് ലഭിച്ച മഴ. നിലമ്പൂരിലും കോഴിക്കോട് ഉറുമിയിലും 0.5 എം.എം ഉം, കക്കയത്ത് 2 എം.എം, കണ്ണൂർ അയ്യകുന്നിൽ 3 എം.എം മഴയും ലഭിച്ചു.

Signature-ad

 

ഇന്ന് കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

Back to top button
error: