ദില്ലി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.41 ശതമാനമായി കുറഞ്ഞുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഡിസംബർ അവസാനം 16.1 ശതമാനം ആയിരുന്നു, ഇത് റെഗുലേറ്ററി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്.
അതേസമയം, യുഎസിലെയും യൂറോപ്പിലെയും സമീപകാല ബാങ്കിംഗ് പ്രതിസന്ധികൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കുമ്പോഴും അപകടസാധ്യതകൾ ഉയർന്നുവന്നേക്കാമെന്നാണ്. അതിനാൽ, ഓരോ ബാങ്കിന്റെയും മാനേജ്‌മെന്റും ഡയറക്ടർ ബോർഡും സാമ്പത്തിക അപകടസാധ്യത തുടർച്ചയായി വിലയിരുത്തണമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.