തൃശൂര്‍: വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അവിടെ നിന്ന് പണവും മറ്റും മോഷണം പതിവാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഉഷഭവനില്‍ സുജിന്‍കുമാറിനെയാണ് (31) തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും നെടുപുഴ പൊലീസും ചേര്‍ന്ന് ആലുവ അത്താണിയില്‍ നിന്ന് പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന ഒ.എല്‍.എക്സിലൂടെയുള്ള പരസ്യം വഴിയാണ് പ്രതി ജോലിക്കെത്തിയിരുന്നത്. ഒരു മാസത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അവിടുത്തെ വിശ്വാസം പിടിച്ചു പറ്റി അവിടെ നിന്നും പണവും മറ്റും മോഷ്ടിക്കുകയാണ് പ്രതിയുടെ രീതി.
കൂര്‍ക്കഞ്ചേരിയിലെ സ്ഥാപനത്തില്‍ ഇതേ രീതിയില്‍ ജോലി ചെയ്ത് അവിടെ നിന്നും 58,000 രൂപ മോഷ്ടിച്ച സംഭവത്തെ തുടര്‍ന്നാണ് നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ അഞ്ച് വര്‍ഷമായി വീടുമായി യാതൊരു ബന്ധവുമില്ലെന്നും, ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിക്കിട്ടുന്ന പണം മുഴുവനും ലോട്ടറിയെടുക്കാനായി ചെലവഴിക്കുകയുമായിരുന്നു ചെയ്തിരുന്നത്.