KeralaNEWS

രാഹുല്‍ ഗാന്ധി മൂലം നക്ഷത്രം; കേസില്‍ ജയിക്കാന്‍ ‘ജഡ്ജിയമ്മാവാന്’ അടനിവേദ്യം

കോട്ടയം: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ കോടതി വിധി ഉണ്ടാകാന്‍ വഴിപാട് നടത്തി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്. കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളി ആണ് പൊന്‍കുന്നത്തുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തിയത്. രാഹുല്‍ ഗാന്ധിക്കായി മൂലം നക്ഷത്രത്തില്‍ അടനിവേദ്യമാണ് വഴിപാട് കഴിച്ചത്.

‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂറത്തിലുളള കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ശിക്ഷാ വിധിയെ തുടര്‍ന്നു രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടപ്പെടുകയായിരുന്നു. ബിജെപി എംപിയായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.

Signature-ad

വിധിക്കെതിരെ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായിട്ടില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളി. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ മെയ് 20 ന് കോടതി പരിഗണിക്കും. ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനും രാഹുല്‍ നീക്കം നടത്തുന്നുണ്ട്.

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവതയാണ് ജഡ്ജിയമ്മാവന്‍. തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജയുടെ കോടതിയിലെ ജഡ്ജിയായിരുന്നു ഗോവിന്ദപ്പിള്ള എന്ന ജഡ്ജിയമ്മാവന്‍. സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹം തെറ്റിദ്ധാരണയെതുടര്‍ന്ന് സ്വന്തം അനന്തരവനെ വധശിക്ഷയ്ക്ക് വിധിച്ചു.

അനന്തരവന്‍ നിരപരാധിയാണെന്ന് അറിഞ്ഞതോടെ സ്വന്തം വധശിക്ഷ നടപ്പാക്കാന്‍ ജഡ്ജിയമ്മാവാന്‍ ധര്‍മ്മരാജയോട് അഭ്യര്‍ഥിച്ചു. ഇതോടെ ധര്‍മ്മരാജ മനസില്ലാമനസോടെ ജഡ്ജിയമ്മാവാനെ വധിച്ചു. ദുര്‍മരണം സംഭവിച്ച ജഡ്ജിയമ്മാവന്റെ പ്രേതം പ്രശ്‌നങ്ങളുണ്ടാക്കുകയും പ്രശ്‌നവിധിപ്രകാരം അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായെന്നുമാണ് ഐതീഹ്യം.

നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ നിരവധി ആളുകളാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ഥനയും വഴിപാടും നടത്തുന്നത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുക. അടനിവേദ്യമാണ് പ്രധാന വഴിപാട്. നടന്‍ ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവര്‍ അനുകൂല വിധിക്കായി ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി വഴിപാട് നടത്തിയിട്ടുണ്ട്.

Back to top button
error: