CrimeNEWS

കാറിന് സൈഡ് നല്‍കാത്തതിച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ യാവിനെ മര്‍ദിച്ചു കൊന്നു

ന്യൂഡല്‍ഹി: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. 39 വയസുകാരനായ പങ്കജ് ഠാക്കൂറിന്റെ കൊലപാതകത്തില്‍ മനിഷ് കുമാര്‍ (19), ലാല്‍ ചന്ദ് (20) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജീത് നഗര്‍ മെയിന്‍ മാര്‍ക്കറ്റിന് സമീപം വഴിയരികില്‍ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഇയാള്‍ക്കരികില്‍ ഇരുചക്രവാഹനവുമുണ്ടായിരുന്നു. സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശരീരത്തില്‍ നിരവധി പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.

Signature-ad

പലചരക്കുകടയിലെ സഹായിയായ പങ്കജാണ് ഡെലിവറിയും നടത്തിവന്നിരുന്നത്. അറസ്റ്റിലായ യുവാക്കള്‍ കാറിലെത്തി പങ്കജുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റേയും മര്‍ദിച്ച് അവശനാക്കുന്നതിന്റേയും സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

തങ്ങള്‍ കാറുമായി പോകുമ്പോള്‍ വഴിയില്‍ നില്‍ക്കുന്ന പങ്കജിനോട് മാറാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് ഇരുവരും മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് വാക്കുതര്‍ക്കം ഉണ്ടായത്. പിന്നീട് തങ്ങള്‍ കാറില്‍ നിന്നിറങ്ങി പങ്കജിന്റെ വാഹനം വഴിയില്‍ നിന്ന് മാറ്റി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തുകയും പങ്കജ് വീഴുകയുമായിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

 

 

Back to top button
error: