ദില്ലി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേർന്നു. പിടിച്ചു മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. റിപ്പോർട്ട് സർക്കാരിന് നാളെ സമർപ്പിക്കും. മറ്റേണ്ട സ്ഥലം സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. അതിനിടെ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വീണ്ടും തള്ളി . സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്റെ ഹർജി തള്ളിയതാണെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ ആനയെ പിടികൂടി കോടനാട്ടേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. വിദഗ്ദ്ധ സമിതിയിലുള്ളവർ വിദഗ്ദ്ധരല്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. അഭിഭാഷകരായ വിഷ്ണു പ്രസാദ്, വി.കെ. ബിജു എന്നിവരാണ് കോടതിയെ സമീപിച്ചത്. നേരത്തെ സംസ്ഥാനത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതിയിൽ ഇന്ന് മനുഷ്യച്ചങ്ങല തീർത്താണ് സമരം. പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിലെ സമരത്തിൽ സിപിഎം, സിപിഐ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഭാഗമാകുമെന്ന് അറിയിച്ചിരുന്നു.