തിരുവനന്തപുരം: നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ പോലീസ് സേനക്കുള്ളില്‍ രഹസ്യാന്വേഷണം. സംഭവത്തില്‍ ഇന്നലെ ഇന്റലിജന്‍സ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ പദ്ധതി ചോര്‍ന്നതിന് പിന്നാലെ പോലീസ് പുതിയ പദ്ധതി തയാറാക്കി. അതേസമയം, സന്ദര്‍ശന പരിപാടികളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആദ്യ പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരെ പൂര്‍ണമായും മാറ്റിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് നല്‍കിയിരുന്ന ഉത്തരവാദിത്തങ്ങള്‍ മാറ്റിനല്‍കി.
പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത് ഇടപെടേണ്ട ചുമതലകള്‍ എസ്പി റാങ്കിലുള്ള പുതിയ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കുകയും ചെയ്തു. കൊച്ചി, തിരുവനന്തപുരം കമ്മിഷണര്‍മാര്‍ക്കും കൊച്ചി, തിരുവനന്തപുരം റേഞ്ച് ഡിഐജിമാര്‍ക്കുമാണ് സുരക്ഷയുടെ ചുമതല. ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഇടപെട്ടാണ് പുതിയ പദ്ധതി തയാറാക്കിയത്.
അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഭാഗമായി തെക്കന്‍ കേരളത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. കൊച്ചിയിലും പരിശോധന കര്‍നമാക്കും. എസ്പിജി എഡിജിപി സുരേഷ്‌രാജ് പുരോഹിത് അടക്കം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് പോലീസിന്റെ ഭാഗത്തുള്ള വീഴ്ച സംഭവിച്ചത്. വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പോലീസ് മേധാവിമാരാണ് സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്.
വാഹന വ്യൂഹത്തിന്റെ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ, വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്‌കീം തയ്യാറാക്കുന്നത് ജില്ലാ പോലീസ് മേധാവിയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.