IndiaNEWS

പരിണാമസിദ്ധാന്തവും എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിനുപുറത്ത്; എതിര്‍പ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പത്താംക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പുറത്ത്. ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠങ്ങളായി പഠിപ്പിച്ച സിദ്ധാന്തമാണ് ക്ലാസ്മുറിയില്‍നിന്ന് പുറത്തായത്. സിലബസ് പരിഷ്‌കരണത്തിന്റെ പേരിലാണ് നീക്കം.

പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍, ശാസ്ത്രാധ്യാപകര്‍ തുടങ്ങി 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചു. ഒഴിവാക്കലിനെക്കുറിച്ച് എന്‍.സി.ഇ.ആര്‍.ടി. പ്രതികരിച്ചില്ല. 2023-2024 അധ്യയനവര്‍ഷത്തിന്റെ ആരംഭത്തോടെ പുതിയ പുസ്തകങ്ങള്‍ വിതരണംചെയ്യും.

Signature-ad

കോവിഡ് കാലത്ത് പഠനം സുഗമമല്ലെന്ന് ചൂണ്ടിക്കാട്ടി സിലബസ് കുറച്ചപ്പോള്‍ പത്താംക്ലാസ് പുസ്തകത്തിലെ പ്രധാന അധ്യായമായിരുന്ന പരിണാമസിദ്ധാന്തം താത്കാലികമായി ഒഴിവാക്കിയിരുന്നു. ഇപ്പോഴിത് പൂര്‍ണമായി നീക്കംചെയ്തിരിക്കയാണെന്ന് പ്രതിഷേധക്കത്ത് തയ്യാറാക്കുന്നതിന് നേതൃത്വംനല്‍കിയ ശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ. അങ്കിത് സുലേ പറഞ്ഞു.

പത്താംക്ലാസ് സയന്‍സ് പുസ്തകത്തിലെ ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായം ‘പാരമ്പര്യം’ എന്നാക്കിമാറ്റിയതായി എന്‍.സി.ഇ.ആര്‍.ടി. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു.

പരിണാമസിദ്ധാന്തം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി. നടപടിക്കെതിരേ അക്കാദമികരംഗത്തെ പ്രമുഖര്‍. എന്‍.സി.ഇ.ആര്‍.ടി.യുടെ നടപടിയെ അപലപിച്ച് പ്രഫ. അനികേത് സുലെ (മുംബൈ), പ്രഫ. സൗമിത്ര ബാനര്‍ജി (കൊല്‍ക്കത്ത), ഡോ. അമിതാഭ് പാണ്ഡെ (ഡല്‍ഹി), പ്രഫ. രാഘവേന്ദ്ര ഗഡഗ്ധര്‍ (ബംഗളൂരു) തുടങ്ങി ശാസ്ത്രജ്ഞരും അധ്യാപകരും അടക്കമുള്ളവരാണ് കത്തെഴുതിയത്. 9, 10 ക്ലാസുകളില്‍ പരിണാമസിദ്ധാന്തം മതിയായ പ്രാധാന്യത്തോടെ പഠിപ്പിക്കണമെന്ന് ഈ കത്ത് ആവശ്യപ്പെടുന്നു.

സാമൂഹിക പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ഭരണകാലം, ഗാന്ധിവധം, മൗലാനാ അബുള്‍കലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ആര്‍.എസ്.എസ്. നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങള്‍ ഒഴിവാക്കിയത് നേരത്തേ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Back to top button
error: