IndiaNEWS

കാമുകിയെ പൈലറ്റ് കോക്പിറ്റില്‍ വിളിച്ചുകയറ്റി; ക്യാബിന്‍ ക്രൂവിനെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചു

ന്യൂഡല്‍ഹി: ദുബായ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് കാമുകിയെ കോക്പിറ്റില്‍ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നേരിട്ട് ഹാജരാകാന്‍ വിമാന ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. സംഭവത്തില്‍ എയര്‍ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് മൂന്നിനാണ് ജീവനക്കാരില്‍ ഒരാള്‍ പരാതി നല്‍കിയത്. പരാതി ഇങ്ങനെ: ”ബോര്‍ഡിങ്ങിനു മുന്‍പ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ ഞാന്‍ വിമാനത്തില്‍ കയറി. ഏറെ നേരം കഴിഞ്ഞ് യാത്രക്കാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. എത്തിയപ്പോള്‍ത്തന്നെ ഇക്കണോമിക് ക്ലാസില്‍ തന്റെ കാമുകി യാത്ര ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്നും അറിയിച്ചു. എന്നാല്‍, ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.

Signature-ad

തുടര്‍ന്ന് തന്റെ കാമുകിയെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് സുഖമായി ഇരിക്കാന്‍ കുറച്ച് തലയിണകള്‍ എത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. കോക്പിറ്റിലെ ഫസ്റ്റ് ഒബ്‌സര്‍വര്‍ സീറ്റിലാണ് അവര്‍ ഇരുന്നത്. മാത്രമല്ല, ആ പെണ്‍കുട്ടിക്ക് മദ്യവും ഭക്ഷണവും നല്‍കാനും ആവശ്യപ്പെട്ടു. കോക്പിറ്റില്‍ മദ്യം വിളമ്പാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് എന്നോട് പെരുമാറിയത് അവര്‍ക്കു വേണ്ടി ജോലി ചെയുന്ന ഒരു വേലക്കാരി എന്ന നിലയിലാണ്.” – പരാതിക്കാരി വ്യക്തമാക്കി.

പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാര്‍ക്കു മാത്രമേ കോക്പിറ്റില്‍ പ്രവേശനമുള്ളൂ. കോക്പിറ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ‘ബ്രീത് അനലൈസര്‍ ടെസ്റ്റ്’ നടത്തുകയും വേണം. നിലവിലെ സംഭവത്തിന്റെ സാങ്കേതിക സുരക്ഷാ തലങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മണിക്കൂറോളം യുവതി കോക്പിറ്റില്‍ ചെലവഴിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: