NEWSPravasi

ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തൽ

ദോഹ: ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തി. ദോഹയിലെ അല്‍ മന്‍‍സൂറയില്‍ കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച വരുത്തിയതായും അനധികൃത ഘടനാമാറ്റം ഉള്‍പ്പെടെ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പ്രത്യേക സാങ്കേതിക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടം നിര്‍മിച്ച പ്രധാന കരാറുകാരന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, കെട്ടിടത്തിന്റെ ഉടമ, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

കെട്ടിടത്തിന്റെ അംഗീകൃത പ്ലാനില്‍ നിന്ന് വ്യത്യസ്‍തമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ഭിത്തിയ്ക്ക് 25 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ എന്നിങ്ങനെ ഘനം നിര്‍ദേശിച്ച ഭാഗങ്ങളില്‍ 20 സെന്റീമീറ്ററിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും കണ്ടെത്തി. 25 മില്ലീമീറ്റര്‍ കമ്പി ഉപയോഗിക്കേണ്ടിയിരുന്ന സ്ഥാനത്ത് 18 മില്ലീമീറ്റര്‍ കമ്പി ഉപയോഗിച്ചു. ബേസ്‍മെന്റ് കോളങ്ങളുടെ എണ്ണം കുറച്ചു എന്നിങ്ങനെയുള്ള വീഴ്ചകളാണ് നിര്‍മാണ ഘട്ടത്തിലുണ്ടായത്.

ഇതിന് പുറമെ അറ്റകുറ്റപ്പണികള്‍ ലൈസന്‍സ് ഇല്ലാതെയാണ് നടത്തിയതെന്നും കണ്ടെത്തി. യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാത്ത കമ്പനിയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ബേസ്‍മെന്റ് കോളം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മുമ്പ് താമസക്കാരെ ഒഴിപ്പിക്കുകയോ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്‍തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 23ന് നടന്ന അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടി (45), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരായിരുന്നു മരിച്ച മലയാളികള്‍.

Back to top button
error: