KeralaNEWS

അരിക്കൊമ്പന്റെ കാടുമാറ്റം; സ്വകാര്യവ്യക്തികളുടെ ഹര്‍ജി 24ന് പരിഗണിക്കും

ന്യൂഡല്‍ഹി: അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്നലെ തള്ളിയകാര്യം മൃഗസ്നേഹികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Signature-ad

പറമ്പികുളത്തേക്ക് മാറ്റിയശേഷം അരിക്കൊമ്പന്‍ അക്രമാസക്തമായാല്‍ ജനങ്ങള്‍ ആനയ്ക്കെതിരേ അക്രമം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പി.ടി 7-നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ വി.കെ ബിജു ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. തടസഹര്‍ജി ഫയല്‍ ചെയ്തിരുന്ന മൃഗ സ്നേഹികളുടെ സംഘടനകള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് ഹാജരായത്.

അതിനിടെ, അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്‌തേക്കും. പറമ്പികുളത്തെ തദ്ദേശവാസികളും, തദ്ദേശ സ്ഥാപനവും സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേസമയം, കേരളത്തിലെ ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഒരപേക്ഷ മൃഗസ്നേഹികളുടെ സംഘടന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഈ അപേക്ഷയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Back to top button
error: