ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പോലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റു മരിച്ച ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെ ശരീരത്തില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ കണ്ടെത്തി. സഹോദരന്‍ അഷ്റഫിന്റെ ശരീരത്തില്‍നിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്.
അതീഖിന് തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്കു മുന്നില്‍ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവര്‍ക്കും നേരെ അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി കൊലപാതകം നടത്തിയ ലവ്ലേഷ് തിവാരി (22), മോഹിത് (സണ്ണി 23), അരുണ്‍ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
കഴിഞ്ഞ വ്യാഴാഴ്ച പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്‍ ആസാദിന്റെ കബറടക്കം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു അതീഖിനു നേര്‍ക്കുള്ള ആക്രമണം. അതീഖിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയേക്കുമെന്ന സൂചന ശക്തമാണ്. നൂറിലേറെ കേസുകളില്‍ അതീഖ് പ്രതിയാണ്. കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അറിയിച്ച് അതീഖ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അതീഖിന്റെ സഹോദരന്‍ അഷ്‌റഫ് അറുപതോളം കേസുകളില്‍ പ്രതിയാണ്.