തിരുവനന്തപുരം : മെയ്ക്ക് ഇന്‍ കേരള പദ്ധതിയില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയില്‍ പുകയില ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് എട്ട് ഇനം പുകയില ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്.) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്.
കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സര്‍ദ, കത്തയും ച്യൂവിങ് ലൈമും, പാന്‍മസാലയും അനുബന്ധ ഉത്പന്നങ്ങളുമാണ് സാധ്യതാപട്ടികയിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ലഹരിക്കെതിരെയുള്ള പോരാട്ടം ഊര്‍ജ്ജിതമാക്കിയിരുന്നു. ലഹരി ഉത്പന്നമായി കണക്കാക്കുന്ന പാന്‍മസാല വില്‍ക്കുന്നവര്‍ക്കെതിരേ നിയമപ്രകാരം(സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട് റെഗുലേറ്ററി ആക്ട്) എക്സൈസ്-ആരോഗ്യ വകുപ്പുകള്‍ കേസെടുക്കാറുണ്ട്. ഇതിനിടെയാണ് ഇവ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ തീരുമാനിക്കുന്നത്.