കോഴിക്കോട്: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അരിക്കൊമ്പന് എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരന് പറഞ്ഞു. എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ട്ടിയില്‍ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വരാന്‍ പോകുന്ന സത്യമാണ്. എ.കെ. ആന്റണിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണ്. അത് പാര്‍ട്ടി വിരുദ്ധമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുവേണ്ടി ത്യാഗോജലമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മറക്കാനാകില്ല. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെപിസിസി ശക്തമായി എതിര്‍ക്കും, നടപടിയെടുക്കും.
മഹിള കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. ചെറിയ പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. നൂറ് ശതമാനം എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെട്ട പട്ടിക പുറത്തിറക്കാനാകില്ലെന്ന് സുധാകരന് പറഞ്ഞു.
ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. പ്രതിയെ പിടിക്കുന്നതില്‍ കേരള പോലീസിന് വീഴ്ച പറ്റിയെന്നും പ്രതിയെ അലസമായാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുധാകരന് പറഞ്ഞു.