CrimeNEWS

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം, പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍നിന്ന്; ആക്രമണം സ്വയം നടത്തിയതെന്ന മൊഴി ആവര്‍ത്തിച്ച് ഷാരൂഖ്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി. റെയില്‍വേ സ്റ്റേഷന് സമീപത്തെ പമ്പില്‍ നിന്നും ഞായറാഴ്ച പെട്രോള്‍ വാങ്ങിയെന്നാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോള്‍ വാങ്ങിയതിന് ശേഷം തീവയ്പ് നടത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ കയറുകയായിരുന്നു. എന്നാല്‍, ഷാരൂഖ് ഷൊര്‍ണൂരില്‍ എത്തിയ ദിവസത്തെ സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. സമ്പര്‍ക്രാന്തി എക്സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത് എന്നാണ് ഇയാള്‍ പറയുന്നത്.

പ്രതിക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണുള്ളതെന്നാണ് ഇയാളുടെ മാതാപിതാക്കള്‍ പറഞ്ഞത്. ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ട്രെയിനില്‍നിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നുവെന്നും പ്രതി പറയുന്നു.

Signature-ad

നിലവില്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചേവായൂര്‍ മാലൂര്‍കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. കൃത്യത്തിന് പിന്നില്‍ ആരാണ്, ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോലീസ് ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പും നടത്തും.

അതേസമയം, സംഭവത്തില്‍ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

 

 

 

 

 

Back to top button
error: