ന്യൂഡല്‍ഹി: സംസ്ഥാന മഹിള കോണ്‍ഗ്രസ് പുനഃസംഘടനയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. കെപിസിസി നേതൃത്വത്തോട് ആലോചിക്കാതെയാണ് മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചത് എന്ന് ആരോപിച്ച് ഒമ്പത് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു. അദ്ധ്യക്ഷയുടെ ഇരട്ട പദവി ഉദയ്പൂര്‍ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നുംആക്ഷേപമുണ്ട്.
വ്യാഴാഴ്ചയാണ് സംസ്ഥാന മഹിള കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. നാല് വൈസ് പ്രസിഡന്റുമാരും 18 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. ഒപ്പം 28 അംഗ ഉപദേശക സമിതിയുമുണ്ട്. ജെബി മേത്തര്‍ അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് എംപിമാരുടെ പരാതി. മഹിള കോണ്‍ഗ്രസ് അംഗങ്ങളും ഇതേ ആരോപണമുന്നയിച്ച് ഖര്‍ഗെക്കും സുധാകരനും ദേശീയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ നെറ്റ ഡിസൂസക്കും കത്തയച്ചിട്ടുണ്ട്. മഹിള കോണ്‍ഗ്രസില്‍ ഇതുവരെ ഇല്ലാത്ത 50 വയസ് പ്രായപരിധി കൊണ്ടുവന്നതും ഉപദേശക സമിതി രൂപീകരിച്ചതും എന്തിനെന്ന് പരാതികളില്‍ ചോദിക്കുന്നുണ്ട്.
ബാരിക്കേഡിന് മുകളില്‍ കയറുന്നവര്‍ക്കേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നും ഉദയ്പൂര്‍ ചിന്തന്‍ ശിബിരിലെ ഇരട്ടപദവി പാടില്ലെന്ന തീരുമാനം ജെബി മേത്തര്‍ ലംഘിക്കുന്നു എന്നും ആക്ഷേപമുണ്ട്.പരാതികള്‍ ഉയര്‍ന്നതോടെ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ജെബി മേത്തറെ വിളിച്ച് വരുത്തി മറുപടി തേടിയതായാണ് വിവരം. എന്നാല്‍ ആരോപണങ്ങളെയെല്ലാം ജെബി മേത്തര്‍ തള്ളി. എല്ലാവരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും പരാതികളെ കുറിച്ച് അറിയില്ലെന്നുമാണ് ജെബി മേത്തറുടെ പ്രതികരണമെന്നാണ് സൂചന.