മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. എടപ്പാള്‍ സ്വദേശിനിയ്ക്കായി കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ജോയിന്റെ എംഡി്ക്കാണ് യുവതി പരാതി നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഡീലക്സ് ബസിലെ ജീവനക്കാരാണ് യുവതിയെ ഇറക്കിവിട്ടത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നായിരുന്നു യുവതി എടപ്പാളിലേക്ക് യാത്ര ആരംഭിച്ചത്. സാധാരണ കെ- സ്വിഫ്റ്റ് ബസിലാണ് യുവതി തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരാറ്. പതിവ് പോലെ കെ-സ്വിഫ്റ്റ് ബുക്ക് ചെയ്തെങ്കിലും ലഭിച്ചത് ഡീലക്സ് ബസാണ്.
സ്വിഫ്റ്റ് ബസിനായി യുവതി ഏറെ നേരം വഴിയില്‍ കാത്ത് നിന്നു. എന്നാല്‍ ബസ് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ഡീലക്സ് ബസാണെന്ന് വ്യക്തമായത്. ഇതോടെ ഇതില്‍ കയറി യാത്ര ആരംഭിച്ചു. പതിവായി എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിലെ ഗോവിന്ദ ടാക്കീസിന് സമീപമാണ് യുവതി ഇറങ്ങുക. എന്നാല്‍ ഇവിടെ ഇറങ്ങാന്‍ ബസ് ജീവനക്കാര്‍ അനുവദിച്ചില്ല. ഇറക്കണമെങ്കില്‍ കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുക്കണമെന്ന് ആയിരുന്നു യുവതിയോട് ജീവനക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ എടുക്കില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ പുലര്‍ച്ചെ എടപ്പാള്‍ മേല്‍പ്പാലം കഴിഞ്ഞ് യുവതിയെ ഇറക്കി വിടുകയായിരുന്നു. വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതോടെ യുവതി ഭയന്നു. തുടര്‍ന്ന് പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവിനൊപ്പമാണ് ഇവിടെ നിന്നും യുവതി വീട്ടിലേക്ക് മടങ്ങിയത്.