KeralaNEWS

ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധികയെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കണ്ണൂര്‍: നഗരത്തിലെ താണ ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയായ രോഗിയെ കാണാതായി. ഇരിട്ടി എടൂര്‍ സ്വദേശിനിയായ ചിറ്റാട്ടു ഹൗസില്‍ ഏലിയാമ്മയെ (72)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

ചികിത്സയിലായിരുന്ന ഇവരെ അസുഖം ഭേദമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ കൂട്ടിക്കൊണ്ടു പോകാന്‍ അഞ്ചാം തീയ്യതി മാത്രമേ എത്താന്‍ കഴിയൂവെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതിനാല്‍ ഡിസ്ചാര്‍ജ്ജ് മാറ്റിവെച്ചു.

Signature-ad

എന്നാല്‍, അഞ്ചാം തീയതി ഏലിയാമ്മയെ വാര്‍ഡില്‍ കാണാതായതിനെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ക്കായി പോലീസ് ബന്ധുവീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഏലിയാമ്മയെ കണ്ടെത്തുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നിരവധി രോഗികള്‍ ചികിത്സ തേടുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് താണയിലേത്. ഇവിടെ നിന്നും ആരോടും പറയാതെ ഒരു രോഗിരക്ഷപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Back to top button
error: